കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിന്റെ ഡിജിപി നിയമനം സംബന്ധിച്ച തന്റെ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താന്‍ പറഞ്ഞത്. എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രത്യേക താത്പര്യപ്രകാരം അത് ദുർവ്യാഖ്യാനം ചെയ്തെന്നും സിപിഎമ്മിനെ താറടിച്ചുകാണിക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് മാധ്യമസുഹൃത്തുക്കള്‍ വന്ന് കണ്ടപ്പോഴാണ് പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ച കാര്യം അറിഞ്ഞത്. ഞാന്‍ വാര്‍ത്താസമ്മേളനമൊന്നും വിളിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സ്വഭാവികമായും സര്‍ക്കാരാണ്. പാര്‍ട്ടി അല്ലല്ലോ സര്‍ക്കാരിനോട് നിര്‍ദേശിക്കേണ്ടത്. കേന്ദ്രം നല്കിയ മൂന്നുപേരുകളില്‍ ഒരാളെ സംസ്ഥാനം മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിച്ചു. അതിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ജയരാജന് കൂട്ടിച്ചേർത്തു.